തിരുവനന്തപുരം: സംസ്ഥാനത്ത് വനിതകൾക്കു വേണ്ടിയുള്ള ആദ്യത്തെ വൺ ഡേ ഹോം പ്രവർത്തനമാരംഭിച്ചു. വനിതകൾക്കു വേണ്ടിയുള്ള ഒരു സംരംഭം വനിതാദിനത്തോടനുബന്ധിച്ച് തുടങ്ങുന്നത് സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പിണാറായി വിജയൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരുപം
ഒരു വാഗ്ദാനം കൂടി പാലിക്കപ്പെടുന്നു. സംസ്ഥാനത്ത് വനിതകൾക്കു വേണ്ടിയുള്ള ആദ്യത്തെ വൺ ഡേ ഹോം ആരംഭിച്ചു. വനിതകൾക്കു വേണ്ടിയുള്ള ഒരു സംരംഭം വനിതാദിനത്തോടനുബന്ധിച്ച് തുടങ്ങുന്നത് സന്തോഷകരമാണ്.
തലസ്ഥാനത്താണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ആദ്യ വൺഡേ ഹോം തുടങ്ങുന്നത്. അടിയന്തിര ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് താമസ സൗകര്യമൊരുക്കാനാണ് വൺഡേ ഹോം.6 ക്യുബിക്കിളുകളും 25 പേർക്ക് താമസിക്കാവുന്ന ഡോർമിറ്ററിയും ഉൾപ്പെടുന്ന ഈ താമസ സൗകര്യം തയ്യാറാക്കിയിരിക്കുന്നത് തമ്പാനൂർ ബസ് ടെർമിനലിലെ എട്ടാം നിലയിലാണ്. എയർ കണ്ടീഷനിങ്ങ്, ഡ്രസിങ്ങ് റൂം, ടോയ്‌ലറ്റുകൾ, കുടിവെള്ളം എന്നീ സൗകര്യങ്ങളോടു കൂടിയാണ് വൺ ഡേ ഹോം സജ്ജമാക്കിയിരിക്കുന്നത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാത്രമാണ് പ്രവേശനമെങ്കിലും അമ്മമാരോടൊപ്പമെത്തുന്ന 12 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും താമസം അനുവദിക്കുന്നതാണ്. അശരണരായ വനിതകൾക്ക് ഇവിടെ മുൻഗണന നൽകും. ചെറിയ തുക ഈടാക്കിയാണ് വൺഡേ ഹോം അനുവദിക്കുന്നത്. വനിതാ ശിശു വികസന വകുപ്പും നഗരസഭയും ചേർന്നാണ് വൺഡേ ഹോം ആരംഭിക്കുന്നത്.
രാത്രികാലങ്ങളിൽ എത്തുന്നവർക്ക് താമസമൊരുക്കാനുള്ള എന്റെ കൂട് പദ്ധതി നേരത്തെ തന്നെ നിലവിലുണ്ട്. അതിനു പുറമെയാണ് വൺഡേ ഹോം.
Discussion about this post