തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയെക്കുറിച്ച് തെറ്റിധാരണ പരത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയക്ക് മുഖ്യമന്ത്രിയുടെ മറുപടി. കഴിഞ്ഞ പത്ത് പതിനഞ്ച് വർഷമായി വീട് നിർമാണം ആരംഭിച്ച് പൂർത്തിയാകാതെ കിടന്ന അൻപത്തിനാലായിരത്തോളം വീടുകളുണ്ട്. അതിൽ അൻപത്തിരണ്ടായിരത്തോളം നിർമിച്ച് കഴിഞ്ഞു. ഒരുകാലവും ഈ വീട് നിർമാണം പൂർത്തിയാകില്ല എന്ന് വിചാരിച്ച് കിടക്കുകയായിരുന്നു അതിന്റെ ഗുണഭോക്താക്കൾ. ഇത്തരത്തിൽ ഇതുവരെ പൂർത്തിയാക്കാൻ കഴിയാതിരുന്ന വീടുകൾ ഇപ്പോൾ പൂർത്തീകരിച്ചതിന്റെ ക്രെഡിറ്റ് പ്രതിപക്ഷനേതാവിന് വേണമെങ്കിൽ എടുത്തോട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ആ വീടുകളും പൂർത്തിയാക്കാൻ കഴിഞ്ഞല്ലോ എന്ന ആശ്വാസമാണ് ഉള്ളത്. അല്ലാതെ ക്രെഡിറ്റൊന്നും ഞങ്ങൾക്ക് വേണ്ട. ആ കുടുംബത്തിന് ആ വീട്ടിൽ താമസിക്കാൻ കഴിഞ്ഞല്ലോ എന്നതാണ് ഞങ്ങൾക്ക് സന്തോഷം പകരുന്ന കാര്യം. അക്കാര്യത്തിൽ ഒരു മിഥ്യാഭിമാനവും ഞങ്ങൾക്കില്ല. പക്ഷേ, ലൈഫ് മിഷന്റെ രണ്ടാംഘട്ടത്തിൽ ഒരു ലക്ഷത്തിഅറുപതിനായിരത്തിൽ പരം വീടുകൾ പൂർത്തീകരിച്ചു. ആ വീടുകൾ പൂർത്തിയായത് യുഡിഎഫ് കൊടുത്ത പദ്ധതിയല്ല. ഇത് നമ്മുടെ നാട്ടിലെ സഹോദരങ്ങൾക്ക് താമസിക്കാനുള്ള വീടുകളല്ലേ. അതിൽ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ല.’ -മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് പദ്ധതി മുഖേന 2,14,144 വീടാണ് യാഥാർത്ഥ്യമായിരിക്കുന്നത്. ഇന്ത്യയിൽ സർക്കാരുകൾ ഏറ്റെടുത്ത് നടത്തുന്ന ഭവനനിർമ്മാണ പദ്ധതികളിൽ ഏറ്റവും കൂടുതൽ വീടുകൾ കുറഞ്ഞ സമയത്ത് പൂർത്തീകരിക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണ്. കേരളത്തിലെ ഭവനരഹിതരുടെ പ്രശ്നങ്ങൾക്ക് സമഗ്ര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ 2017 ലാണ് ലൈഫ് മിഷൻ ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളായാണ് ലൈഫ് മിഷൻ പദ്ധതി വിഭാവനം ചെയ്തത്. ഒന്നാംഘട്ടത്തിൽ 2000-01 മുതൽ 2015-16 സാമ്പത്തിക വർഷം വരെ വിവിധ സർക്കാർ ഭവനനിർമ്മാണ പദ്ധതികൾ പ്രകാരം ധനസഹായം കിട്ടിയിട്ടും പല കാരണങ്ങളാൽ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാതിരുന്ന കുടുംബങ്ങൾക്കുള്ള വീടുകൾ യാഥാർഥ്യമാക്കുക എന്നതായിരുന്നു ലൈഫ് മിഷൻ ഏറ്റെടുത്ത ദൗത്യം. രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിർമാണവും മൂന്നാം ഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണ് ലക്ഷ്യം.
Discussion about this post