ന്യൂഡൽഹി: ഡൽഹിയിലെ കലാപ ബാധിത മേഖലകളിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന സന്ദേശവുമായി ഇടതുപക്ഷ എംപിമാരും നേതാക്കളും സന്ദർശനം നടത്തി. എംപിമാരായ കെ കെ രാഗേഷ്, ബിനോയ് വിശ്വം, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് മൈമുനമൊള്ള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശിച്ചത്. ആക്രമണത്തിന് ഇരയാവുകയും സാക്ഷ്യം വഹിക്കുകയും ചെയ്തവരെ സന്ദർശിച്ച് മതസൗഹാർദ്ദം തകർക്കാനുള്ളശ്രമങ്ങൾക്ക് ഐക്യം കൊണ്ട് മറുപടി നൽകണമെന്ന നേതാക്കൾ ആഹ്വാനം ചെയ്തു. സോണിയവിഹാറിൽ മതം തിരഞ്ഞ് കത്തിച്ച കടകളും വീടുകളും ഇടുങ്ങിയ ഗലികളിലൂടെ നടന്ന് സന്ദർശിച്ചു. പുറത്തുനിന്നുള്ള അക്രമികൾ മുഖം മറച്ചെത്തിയാണ് അക്രമം നടത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഹിന്ദു-മുസ്ലിം വേർതിരിവില്ലാതെ കഴിയുന്ന മനുഷ്യരെ ഭിന്നിപ്പിക്കാൻ ‘ജയ്ശ്രീറാം’ മുഴക്കിയാണ് അക്രമികളെത്തിയതെന്ന് എല്ലാ വിഭാഗം ആളുകളും പറഞ്ഞു.
സമാധാനം ഉറപ്പാക്കാൻ എല്ലാ മതസ്ഥരും രാഷ്ട്രീയ പ്രവർത്തകരും ഒന്നടങ്കം രംഗത്തുവരണമെന്ന് കെ കെ രാഗേഷ് പറഞ്ഞു. വർഗീയത ഭിന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ മതനിരപേക്ഷ രാഷ്ട്രീയംകൊണ്ട് എതിരിടണം. കോൺഗ്രസടക്കമുള്ള പാർടികൾ സമാധാനത്തിനായി മുൻകൈ എടുക്കുന്നില്ലെന്നത് ദൗർഭാഗ്യകരമാണ്. രാജ്യതലസ്ഥാനത്തെ കലാപം നോക്കിനിന്ന ആഭ്യന്തരമന്ത്രി അമിത്ഷാ ഒരുനിമിഷം വൈകാതെ രാജിവെക്കണമെന്ന് രാഗേഷ് ആവശ്യപ്പെട്ടു. ഇരുവിഭാഗങ്ങളിലും സാധാരണക്കാരാണ് കലാപത്തിന്റെ ഇരകളെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഇരു വിഭാഗങ്ങളിൽനിന്നും മതഭ്രാന്തൻമ്മാർ അവസരം മുതലെടുത്ത് അഴിഞ്ഞാടുകയാണ്. പൊലീസിന്റെ കുറ്റകരമായ നിസംഗതയാണ് വലിയ മരണത്തിനും നാഷനഷ്ടത്തിനും ഇടയാക്കിയത്. അക്രമികൾക്കും കാഴ്ചക്കാരായിനിന്ന പൊലീസുകാർക്കുമെതിരെ ശക്തമായ നടപടിവേണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
ചാന്ദ്ബാഗിലും ബ്രിജ്പൂരിയിലും ആക്രമണത്തിനിരയായ നിരവധി വീടുകൾ കടകളും സംഘം സന്ദർശിച്ചു. അക്രമികൾ കത്തിച്ച ബ്രിജ്പൂരിലെ അരുൺ മോഡേൺ പബ്ലിക് സീനിയർ സെക്കന്ററി സ്‌കൂളിലും നേതാക്കൾ എത്തി. സ്‌കൂൾ ഉടമയായ കോൺഗ്രസ് മുൻ എംഎൽഎ ഭീഷ്മ ശർമയുമായി കൂടിക്കാഴ്ച നടത്തി. സംഘർഷബാധിതമായതിനാൽ കോൺഗ്രസ് നേതാക്കളാരും സന്ദർശിച്ചിട്ടില്ലെന്ന് ശർമ പറഞ്ഞു.
അക്രമസംഭവങ്ങളിൽ കേസെടുത്ത് നഷ്ടപരിഹാരം ലഭ്യമാക്കാനും കുറ്റവാളികളെ കണ്ടെത്താനും അടിയന്തര നടപടിസ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സോണിയ വിഹാർ പൊലീസ് സ്റ്റേഷനിലെത്തി എംപിമാർ പരാതി നൽകി. എംപിമാർക്കൊപ്പം സിഐടിയു സംസ്ഥാന സെക്രട്ടറി അനുരാഗ് സക്സേന, രാജീവ് തീവാരി, ആശ ശർമ തുടങ്ങിയവരുമുണ്ടായിരുന്നു.
Discussion about this post