ഡബ്ലിൻ: അയർലൻഡ് പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഇടതുപക്ഷത്തിന് വൻമുന്നേറ്റം. ഇടതുപക്ഷ പാർട്ടിയായ ഷിൻ ഫെയിനാണു കൂടുതൽ വോട്ടിംഗ് ശതമാനം നേടിയത്. 37സീറ്റും 24.53% വോട്ടും ഷിൻ ഫെയിൻ നേടി. വെറും 42 സീറ്റിൽ മാത്രം മത്സരിച്ചാണ് ഷിൻ ഫെയിൻ ഈ തിളക്കമാർന്ന നേട്ടം കൊയ്തത്.
പതിറ്റാണ്ടുകളായി മാറിമാറി ഭരണം കൈയാളുന്ന വലതുപക്ഷ പാർട്ടികളായ ഫിനഗേലും ഫിന ഫാളും അധികാരത്തിൽ നിന്ന് മാറി നിൽക്കേണ്ടി വരും. ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ല. ഇടതു കക്ഷിയായ ഷിൻ ഫെയിനു ജനവികാരം നേരത്തെ മനസ്സിലാക്കാൻ പറ്റാതെ പോയതാണ് വിനയായത്. 42 സീറ്റിൽ മാത്രം ആണ് അവർ മത്സരിച്ചത്. കൂടുതൽ സീറ്റുകളിൽ മത്സരിച്ചിരുന്നെങ്കിൽ ചരിത്രം തിരുത്തി അവർക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻകഴിഞ്ഞേനെ. ജയിച്ച സീറ്റുകളിൽ വൻ ഭൂരിപക്ഷമാണ് ഷിൻ ഫെയിൻ സ്ഥാനാർത്ഥികൾക്ക് ലഭിച്ചത്.
സാധാരണക്കാരുടെ ജയമാണിതെന്ന് ഷിൻ ഫെയിൻ നേതാവ് മേരി മക്ഡൊണൾഡ് പറഞ്ഞു. ജനങ്ങൾ വോട്ട് ചെയ്തത് തങ്ങൾക്കായതിനാൽ അധികാരത്തിലെത്താൻ സമാന ചിന്താഗതിയുള്ള ഇടതു പാർടികളുമായി ചർച്ച നടത്തും. ഗ്രീൻ പാർട്ടിയുടെയും ലേബർ പാർട്ടിയുടെയും സോഷ്യൽ ഡെമോക്രാറ്റുകളുടെയും പീപ്പിൾസ് ബിഫോർ പ്രോഫിറ്റ് പാർട്ടിയുടെയും പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ശ്രമം ഷിൻ ഫെയിൻ ആരംഭിച്ചിട്ടുുണ്ട്. ആരോഗ്യ-ഭവന മേഖലകളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന പ്രചരണമാണ് ഷിൻ ഫെയിനെ തുണച്ചത്.
കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു അയർലൻഡിൽ 39 മണ്ഡലങ്ങളിലെ 160 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഞായറാഴ്ചയാണ് വോട്ടെണ്ണി തുടങ്ങിയത്. ഫസ്റ്റ് പ്രിഫറൻസു വോട്ടുകൾ എണ്ണി തീർന്നപ്പോഴും ഷിൻ ഫെയിൻ ആണ് മുന്നിട്ടു നിന്നത്. നിലവിലെ പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ലിയോ വരദ്കർ ഡബ്ലിൻ വെസ്റ്റ് മണ്ഡലത്തിൽ നിന്നും അഞ്ചാം റൗണ്ട് വോട്ടെണ്ണലിൽ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടതു. മുൻ ഉപപ്രധാനമന്ത്രി ജോൺ ബർട്ടർ ഇതേ മണ്ഡലത്തിൽ പരജയപ്പെട്ടു. മന്ത്രിമാരായ ഷെയിൻ റോസ്, കാതറിൻ സപ്പോണ എന്നിവരും പരാജയപ്പെട്ടു. നിലവിലെ ഭരണ കക്ഷിയായ ഫിനഗേൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപെട്ടു. 20.86 % വോട്ട് മാത്രമേ അവർക്ക് നേടാനായുള്ളൂ.
Discussion about this post