കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യശൃംഖലയില്‍ പങ്കെടുത്ത് നിലപാടുകള്‍ വ്യക്തമാക്കിയ യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനിയാണ് ഇപ്പോള്‍ താരം. പ്രതിഷേധങ്ങളിലെ വ്യത്യസ്ഥമായ ഈ മുഖത്തെ കുറിച്ച് ജോസ് കാടാപുറം എഴുതുന്നു.
ജോസ് കാടാപുറത്തിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
തിരുമേനിയാണ് താരം :
————————————-
ഇന്ത്യ കടന്ന് പോകുന്ന അസാധാരണമായ സാഹചര്യത്തെ കേരളം മാത്രം ചങ്കൂറ്റത്തോടെ നേരിടുന്നു എന്നുള്ളത് ആശ്വാസകരമാണ് . CNN കണക്കു പ്രകാരം 7 മില്യൺ ആൾകാർ ജാതിയോ മതമോ നോക്കാതെ പൗരത്വ ബില്ലിനെതിരെ മനുഷ്യ മഹാ ശൃംഖലയിൽ പങ്കെടുത്തു . ഒരു പക്ഷെ കേരളം കണ്ട ഏറ്റവും വലിയ പ്രതിഷേധം , ലോകത്തുആകമാനമുള്ള ഇന്ത്യ കാർ തെരുവിലിറങ്ങി ന്യൂയോർക്കിലും കാനഡയിലും ജർമനിയിലും ലണ്ടനിലും ഒക്കെ പ്രധിഷേധം ഇരമ്പി .മതത്തിന്റെ പേരിൽ പൗരത്വം അനുവദിക്കുന്നതും ഇല്ലാതാക്കുന്നതും ഭരണഘടനാ വിരുദ്ധമാണ്.മതത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വ ഭേദഗതിയുമായി എത്തിയ ഇന്ത്യയുടെ ബിജെപി ഭരണകൂടം അത് തിരുത്തി ഇന്ത്യയുടെ മതേതരത്വം നിലനിർത്തണം-പൗരത്വമെന്നാൽ ദേശവാസമാണ് അല്ലാതെ ജാതിയോ മതമോ അല്ല എന്നാണ് പ്രതിഷേധക്കാർ പറയുന്നത് .പ്രതിഷേധത്തിനടിയിൽ എടുത്ത പറയേണ്ട ചില വ്യക്തികൾ നമ്മുടെ മുമ്പിൽ ഉണ്ട്അതിൽ ഒരാൾ .ഈ തിരുമേനി ഗീവര്ഗീസ് മാർ കൂറിലോസ്.. ആലപ്പുഴയിലെ മനുഷ്യശൃംഖലയിൽ കണ്ണിയായി .. ഇതിനു കാരണമായി തിരുമേനി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ കേരളം ചർച്ച ചെയ്യുന്നത് – രണ്ടു കാരണങ്ങളാണ്. ഒന്ന്, ഞാൻ ഇന്ത്യയിലെ ഒരു പൗരൻ ആയതുകൊണ്ട്.
രണ്ട്, ഞാനൊരു ക്രിസ്ത്യാനി ആയതുകൊണ്ട്. ഇന്ത്യയിലെ ഒരു പൗരൻ എന്നനിലയിൽ നമ്മുടെ രാജ്യത്തിൻറെ ഭരണഘടന അട്ടിമറിക്കപ്പെടുന്നു എന്ന ഒരു ഭീതി, ഒരു വെല്ലുവിളി നിലനിൽക്കുന്ന സാഹചര്യത്തിൽ, ഒരു പൗരനെന്ന നിലയിൽ ആ ഭരണഘടനയെ സംരക്ഷിക്കാൻ എനിക്ക് ഉത്തരവാദിത്തമുണ്ടെന്ന ബോധ്യമാണ് എന്നെയും ആലപ്പുഴയിലെ ഒരു കണ്ണിയായിട്ട് അവിടെ എത്തിച്ചത്. രണ്ടാമത് ഞാനൊരു ക്രിസ്ത്യാനി ആയതുകൊണ്ടു കൂടിയാണ്. ഞാൻ വിശ്വസിക്കുന്ന യേശുക്രിസ്തു ഒരു അഭയാർത്ഥി ആയിരുന്നു. ജനിച്ചയുടനെ തന്നെ പ്രമാണിമാർ അദ്ദേഹത്തെ ഉന്നംവയ്ക്കുകയും അദ്ദേഹത്തെ നിഗ്രഹിക്കാൻ ആഗ്രഹിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ സ്വന്തം ജീവൻ രക്ഷിക്കുവാൻ വേണ്ടി മാതാപിതാക്കൾക്ക് മകനെയും കൊണ്ട് മറ്റൊരു രാജ്യത്തേക്ക് പലായനം ചെയ്യേണ്ടിവന്ന ഒരു അഭയാർത്ഥി ആയിരുന്നു യേശുക്രിസ്തു.
അതുകൊണ്ടു യേശുക്രിസ്തുവിനെ കാണണേണ്ടത് അഭയാർത്ഥികളിലാണ്, മറ്റുള്ളവരിലാണ്, അപരത്വം കല്പിക്കപ്പെടുന്നവരിലാണ്, അന്യവത്കരിക്കപ്പെട്ടവരിലാണ് . അതുകൊണ്ടു മുസ്ലിം ജനവിഭാഗം ഈ പൗരത്വനിയമത്തിന്റെ ഒരു വിക്ടിം ആയിമാറിയ സാഹചര്യത്തിൽ, അവരോടൊപ്പം നിൽക്കേണ്ടത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന, മതേതരത്വത്തിൽ വിശ്വസിക്കുന്ന, നമ്മുടെ ഭരണഘടന സംരക്ഷിക്കപ്പെടണം എന്നാഗ്രഹിക്കുന്ന ഒരു വ്യക്തി എന്നനിലയിലും, യേശുക്രിസ്തുവിന്റെ ഒരു അനുയായി എന്നനിലയിലും എന്റെകൂടി ചുമതലയാണെന്ന ബോധ്യത്തിലാണ് ഞാനീ മനുഷ്യശൃഖലയിൽ കണ്ണിചേർന്നത്.
നിലപാട് നിലപാട് എന്നൊക്കെ പറയുന്നത് ഇതാണ് അല്ലാതെ രാവിലെ പ്രതിപക്ഷത്തിന്റെ ,ഉച്ചക്ക് ഭരണ പക്ഷത്തിൽ രാത്രിയാകുമ്പോൾ ഏറ്റവും വലിയ വർഗീയ ചാണകകക്ഷിയിൽ ഇങ്ങനെ പോകുന്ന നമ്മുടെ മത നേതാക്കളിൽ ..( വേറെ ചിലർ ജയിലിൽ നിന്നിറങ്ങുന്ന ഫ്രാങ്കോ പിതാവിനെ സ്വീകരിക്കുന്ന തിരക്കിലാണ്) .. ഇങ്ങനെ ഉള്ളവരുടെ ഇടയിലാണ് ഗീവറീത് തിരുമേനി വ്യത്യസ്തനാകുന്നത് … എൻ എസ് മാധവന്റെ “ഹിഗ്വിറ്റ ” എന്ന ചെറുകഥയിലെ ഗീവറീത് അച്ചനെപ്പോലേ തിരസ്കരിക്കപ്പെട്ടവരുടെ , പൗരത്വം നഷ്ടപ്പെടുന്നവരുടെ അഭയാർഥികളുടെ ശബ്‌ദമായി..ആരവങ്ങൾക്കിടയിൽ പന്തുമായി മുന്നേറുന്നു ഗീവറുത് മാർ ഉണ്ടാകട്ടെ …..
Discussion about this post