കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭണങ്ങളിൽ നിന്ന് കോൺഗ്രസ് പലപ്പോഴും അറച്ചുമാറി നിൽക്കുന്നത് അക്ഷരാർത്ഥത്തിൽ അമ്പരപ്പാണുണ്ടാക്കുന്നതെന്ന് എഴുത്തുകാരൻ അശോകൻ ചരുവിൽ.
സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും എല്ലാത്തരം രാഷ്ട്രീയ വിയോജിപ്പുകളും ശത്രുതയും മാറ്റിവെച്ചുകൊണ്ട് ഒന്നിച്ച് സമരം ചെയ്യുന്നതിന്ന് കോൺഗ്രസിനെ ക്ഷണിച്ചു. ആദ്യഘട്ടത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിലും നിയമസഭയിലും ഒന്നിക്കാൻ കോൺഗ്രസ് തയ്യാറായി. പക്ഷേ ആ തയ്യാറാവൽ കോൺഗ്രസ്സിൽ അന്തഛിദ്രത്തിന് കാരണമാവുകയാണുണ്ടായതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഐക്യപ്പെട്ടുള്ള സമരം തങ്ങൾക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കില്ല എന്ന് തുറന്ന് പറഞ്ഞ് പാർടിക്കകത്ത് അലമ്പുണ്ടാക്കിയത് അവരുടെ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ തന്നെയാണ് എന്നതാണ് ഏറെ സങ്കടകരം അശോകൻ ചരുവിൽ എഴുതുന്നു
അശോകൻ ചരുവിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
കോൺഗ്രസ് പാർട്ടി എവിടെ?
ശബരിമല സുപ്രീം കോടതി വിധിക്കെതിരെ കേരളത്തിൽ ബി.ജെ.പി.യുടെ കൂടെ കോൺഗ്രസ് നിന്നത് കുറച്ചൊരു അത്ഭുതത്തോടെയാണ് മതേതര സമൂഹം വീക്ഷിച്ചത്. കാരണം വൈക്കം, ഗുരുവായൂർ സത്യഗ്രഹങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്ന ഒരു കക്ഷിക്ക് യോജിച്ചതല്ലല്ലോ അത്. പക്ഷേ ശബരിമല നിലപാടിന് ഒരു ന്യായീകരണം പറയാനുണ്ടായിരുന്നു. സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന എൽ.ഡി.എഫിനെ പ്രതിരോധത്തിലാക്കുക എന്ന സാമ്പ്രദായിക ‘പ്രതിപക്ഷ ദൗത്യ’മാണ് ഞങ്ങൾ നിർവ്വഹിക്കുന്നത് എന്ന്.
പക്ഷേ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭണങ്ങളിൽ നിന്ന് കോൺഗ്രസ് പലപ്പോഴും അറച്ചുമാറി നിൽക്കുന്നത് അക്ഷരാർത്ഥത്തിൽ അമ്പരപ്പാണുണ്ടാക്കുന്നത്. ചില വഴിപാട് സമരങ്ങൾ ചെയ്യുന്നു എന്നല്ലാതെ ഐക്യത്തോടെ യോജിച്ച ഒരു സമരത്തിന് അവർ തയ്യാറാവുന്നില്ല. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെമ്പാടും ഈ സ്ഥിതിയാണുള്ളത്. ആളെണ്ണം തീരെ കുറവാണെങ്കിലും ഇന്ത്യൻ പാർലിമെന്റിലെ മുഖ്യ പ്രതിപക്ഷകക്ഷിയാണ് കോൺഗ്രസ് എന്നത് ഓർക്കണം.
രാജ്യത്തെ തെരുവുകൾ യുവപ്രക്ഷോഭം കൊണ്ട് തിളച്ചു മറിയുമ്പോഴും സോണിയാ ഗാന്ധിയോ രാഹുലോ ഈ വിഷയത്തിൽ ഒരു ഉറച്ച നിലപാടിലേക്ക് ഇനിയും എത്തിയിട്ടില്ല. യൂണിവേഴ്സിറ്റി ക്യാമ്പസുകളിൽ മുറിവേറ്റ് കിടക്കുന്ന ഇന്ത്യൻ സമര യുവത്വത്തിനരികിൽ ചന്ദ്രശേഖർ ആസാദിനും സീതാറാം യെച്ചൂരിക്കും ദീപിക പദുകോണിനുമൊപ്പം രാഹുൽ ഗാന്ധിയും എത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചു.
ഐഷിഘോഷിനെ മകളേപ്പോലെ ചേർത്തു പിടിക്കാൻ പിണറായി വിജയനു മുമ്പുതന്നെ സോണിയ ഗാന്ധി വരുമെന്ന് ഞാൻ കരുതി. അതുണ്ടായിരുന്നെങ്കിൽ ആശ്വാസവും ആവേശവും പതിന്മടങ്ങ് വർദ്ധിക്കുമായിരുന്നു. ഇച്ഛാഭംഗമായിരുന്നു ഫലം.
കേരളത്തിൽ യു.ഡി.എഫിലെ ഘടക കക്ഷി എന്ന നിലക്ക് മുസ്ലീംലീഗ് വഴിക്കും അല്ലാതെയും കോൺഗ്രസ്സിനു കിട്ടുന്ന പ്രബല പിന്തുണ മുസ്ലീം സമുദായത്തിൽ നിന്നാണ്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷയോടെയാണ് ആ സമുദായം കണ്ണടച്ച് കോൺഗ്രസ്സിന് വോട്ടു ചെയ്തത്.
പക്ഷേ ഇവിടെയും ഒറ്റപ്പെട്ട ചില മുട്ടുശാന്തി സമരങ്ങൾ ചെയ്തവസാനിപ്പിച്ചതല്ലാതെ പ്രക്ഷോഭരംഗത്ത് അവരെ കാണാനില്ല. സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും എല്ലാത്തരം രാഷ്ട്രീയ വിയോജിപ്പുകളും ശത്രുതയും മാറ്റിവെച്ചുകൊണ്ട് ഒന്നിച്ച് സമരം ചെയ്യുന്നതിന്ന് അവരെ ക്ഷണിച്ചു. ആദ്യഘട്ടത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിലും നിയമസഭയിലും ഒന്നിക്കാൻ കോൺഗ്രസ് തയ്യാറായി.
പക്ഷേ ആ തയ്യാറാവൽ കോൺഗ്രസ്സിൽ അന്തഛിദ്രത്തിന് കാരണമാവുകയാണുണ്ടായത്. ഐക്യപ്പെട്ടുള്ള സമരം തങ്ങൾക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കില്ല എന്ന് തുറന്നുപറഞ്ഞ് പാർടിക്കകത്ത് അലമ്പുണ്ടാക്കിയത് അവരുടെ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ തന്നെയാണ് എന്നതാണ് ഏറെ സങ്കടകരം.
പിന്നീട് മുഖ്യമന്ത്രി എത്രവട്ടം ക്ഷണിച്ചിട്ടും ഐക്യത്തിന്റെ സമര വഴിയിലേക്ക് അവർ കടന്നു വന്നില്ല. മതേതരവാദികളായ സാധാരണ കോൺഗ്രസ് പ്രവർത്തകരിലാകെ ഇത് വലിയ നിരാശ ഉണ്ടാക്കിയിരിക്കുന്നതായി ഞാൻ മനസ്സിലാക്കുന്നു.
നിർണ്ണായക സന്ദർഭത്തിൽ തങ്ങളെ കയ്യൊഴിഞ്ഞ കോൺഗ്രസ്സിനെതിരെ മുസ്ലീം മതസമൂഹത്തിലും വലിയ മട്ടിൽ അമർഷം പുകയുന്നുണ്ട്. താൽക്കാലിക നേട്ടങ്ങളേയും കോട്ടങ്ങളേയും കുറിച്ച് വ്യാകുലരാകാതെ ഇനിയെങ്കിലും തെരുവിൽ അണിനിരന്നിരിക്കുന്ന ജനസമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലണമെന്ന് കോൺഗ്രസ് പാർട്ടിയോട് ഇവിടത്തെ ഒരു സാധാരണ പൗരൻ എന്ന നിലയിൽ ഞാൻ അപേക്ഷിക്കുന്നു.
Discussion about this post