മലപ്പുറം: മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയും സിറ്റിങ് എംപിയുമായ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ എസ്എഫ്ഐ നേതാവ് വിപി സാനു കന്നി അങ്കത്തിനിറങ്ങുന്നത് വർഷങ്ങൾക്കു മുമ്പ് മത്സരിച്ച പിതാവിന്റെ പാത പിന്തുടർന്ന്. സാനുവിന്റെ ആദ്യ മത്സരം തന്നെ ശക്തനായ എതിരാളിയുമായാണ്. 1991ൽ സാനുവിന്റെ പിതാവും സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗവുമായ വിപി സക്കരിയ്യ ആദ്യമായി കളത്തിലിറങ്ങിയപ്പോഴും എതിരാളി കുഞ്ഞാലിക്കുട്ടിയായിരുന്നു.
കുറ്റിപ്പുറം നിയമസഭ മണ്ഡലത്തിൽ ജനവിധി തേടിയപ്പോഴായിരുന്നു വിപി സക്കരിയ്യ എതിരാളിയായത്. 22536 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്ന് കുഞ്ഞാലിക്കുട്ടി ജയിച്ചത്. വർഷങ്ങൾക്കിപ്പുറം മകന്റെ ആദ്യ മത്സരവും കുഞ്ഞാലിക്കുട്ടിക്കെതിരായി എന്ന യാദൃച്ഛികത കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. വിജയം ആർക്കാണെന്ന് അറിയാനുള്ള കാത്തിരിപ്പ് തെരഞ്ഞെടുപ്പിന്റെ ത്രില്ലിൽ പെടുത്താം.
താന്‍ മത്സരിച്ചപ്പോഴും, തന്റെ മകന് മത്സരിക്കുമ്പോഴും മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടി തന്നെയാണെന്നും ഇത് മുസ്ലിം ലീഗിന്റെ അപചയമാണെന്നും സക്കരിയ പറയുന്നു. ഇനി സാനുവിന്റെ മകന് മത്സരിച്ചാലും മുസ്ലിം ലീഗ് കുഞ്ഞാലിക്കുട്ടിയെ മാത്രമേ മത്സരിപ്പിക്കൂ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും അദ്ദേഹം പരിഹസിച്ചു.
മലപ്പുറത്ത് തന്റെ പിതാവ് മത്സരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കേണ്ടി വന്നത് ചരിത്രത്തിന്റെ കാവ്യ നീതിയാണെന്നായിരുന്നു വിപി സാനുവിന്റെ പ്രതികരണം.
കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കുമ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു സക്കരിയ. എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്ന വിപി സാനു വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് കടന്നു വന്നത്.
Discussion about this post